
കോട്ടയം ഗവൺമെൻറ് നഴ്സിങ് കോളജിലെ ഹോസ്റ്റലിൽ നടന്ന ക്രൂരമായ റാഗിംങ് അറിഞ്ഞിരുന്നില്ലെന്ന ഹോസ്റ്റൽ അധികൃതരുടെ മൊഴിയിൽ അന്വേഷണ സംഘത്തിന് സംശയം. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തുള്ള മുറിയിൽ മൂന്നു മാസമായി പീഡനം നടന്നിട്ടും അറിഞ്ഞില്ലെന്ന നിലപാടിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് വാർഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്ത മുറിയിലാണ് പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. മാസങ്ങളോളം ഇവിടെ റാഗിങ് നടന്നിട്ടും ഹൗസ് കീപ്പർ അറിഞ്ഞില്ലെന്ന നിലപാടിലാണ് അസ്വാഭാവികതയുള്ളത്. ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കും.
ഹോസ്റ്റലിൽ മുഴുവൻ സമയ വാർഡൻ ഇല്ലാത്തതിനെതിരെയും വിമർശനമുണ്ട്. പലപ്പോഴും സീനിയർ വിദ്യാർത്ഥികൾ ആണ് ഹോസ്റ്റൽ നിയന്ത്രിച്ചിരുന്നത്. ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ നിയോഗിച്ച സംഘവും കോളേജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്സിങ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
മൂന്ന് മാസമായി കോളജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സീനിയർ വിദ്യാർത്ഥികളുടെ ഭീഷണി ഭയന്നാണ് പീഡന വിവരം ആരും പുറത്ത് പറയാതിരുന്നത്. എതിർക്കുന്നവരെ ഈ ദൃശ്യങ്ങൾ കാണിച്ച് പേടിപ്പിച്ചു. വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, കോളേജ് പ്രിൻസിപ്പാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി. നിലവിൽ കേസെടുത്തിരിക്കുന്നത് റാഗിങ് നിരോധന നിയമ പ്രകാരമാണ്. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് പിടിയിൽ ആയത്. അറസ്റ്റിലായ അഞ്ച് പ്രതികളും റിമാൻഡിലാണ്.









